‘താലിയും സിന്ദൂരവും അണിയരുത്, ആദിവാസികള്‍ ഹിന്ദുക്കളല്ല’; പ്രസ്താവന വിവാദത്തില്‍, അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

0

ജയ്പൂര്‍: മംഗള്‍സൂത്ര ധരിക്കരുതെന്നും നെറ്റിയില്‍ സിന്ദൂരം അണിയരുതെന്നും ആദിവാസി സ്ത്രീകളോട് ആവശ്യപ്പെട്ട അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് അധ്യാപിക ഈ ആവശ്യം ഉന്നയിച്ച് സംസാരിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കിയതിനും മനേക ദാമോറിനെതിരെ നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

”ആദിവാസി കുടുംബങ്ങള്‍ സിന്ദൂരമിടാറില്ല. അവര്‍ മംഗള്‍ സൂത്രവും ധരിക്കാറില്ല. ആദിവാസി സമൂഹത്തിലെ സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി മുതല്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും നിര്‍ത്തുക. ഞങ്ങള്‍ ഹിന്ദുക്കളല്ല” എന്നാണ് അധ്യാപിക പ്രസംഗിച്ചത്.

ഇവരുടെ പ്രസ്താവനക്കെതിരെ ആദിവാസി സമൂഹത്തിലെ സ്ത്രീകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ആദിവാസി പരിവാര്‍ സന്‍സ്തയുടെ സ്ഥാപക കൂടിയാണ് മനേക ദാമോര്‍.സാദയിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഇവര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മെഗാറാലിയില്‍ സംസാരിക്കുന്നതിനിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

Leave a Reply