ആപത്ഘട്ടങ്ങളില്‍ ഭയപ്പെടേണ്ട!, എസ്ഓഎസ് സംവിധാനം; യാത്ര ചെയ്യുന്നവര്‍ക്കായി ട്രാക്ക് മൈ ട്രിപ്പ്; പോല്‍ ആപ്പില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍

0

തിരുവനന്തപുരം: കേരള പൊലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഉണ്ട്. ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പൊലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ് ഓ എസ് സംവിധാനം. എസ് ഓ എസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പൊലീസിന്റെ അടിയന്തര സഹായ സംവിധാനത്തില്‍ ലഭിക്കും. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രാക്ക് മൈ ട്രിപ്പ് എന്ന സേവനവും ലഭ്യമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിരിക്കുന്ന എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. അതുവഴി യാത്ര നിരീക്ഷിക്കുവാന്‍ കഴിയും. യാത്രാമധ്യേ പൊലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ് ഒ എസ് സംവിധാനം ഉപയോഗിക്കാം. തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ എന്ന സേവനം ഉപയോഗിക്കാം. അതിനായി സേവനം വേണ്ടയാളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ്സും താമസിക്കുന്ന ജില്ലയും പൊലീസ് സ്റ്റേഷന്‍ പരിധി ഏതാണെന്നുമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്‍കിയാല്‍ ജനമൈത്രി പൊലീസിന്റെ സഹായം ലഭിക്കുന്നതാണ്.’- കേരള പൊലീസ് കുറിച്ചു.

Leave a Reply