ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത്; തടഞ്ഞ് ഹൈക്കോടതി

0

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൻ മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മീഷന്റെയും വാദം കോടതി കേട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ പൊതുതാല്‍പ്പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പൊതുതാല്‍പ്പര്യമുണ്ടെന്നതിന് ഒരു തെളിവും വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണ്. വിവരാവകാശ നിയമമനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിടാനാകില്ല.

കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് 2019 ലാണ്. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം വിവരങ്ങള്‍ പുറത്തു വിടണമെന്നാണ് ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു വിടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന്‍ കക്ഷിയേ അല്ലെന്ന് വിവരാവകാശ കമ്മീഷന്‍ കോടതിയെ അറിയിച്ചു. കമ്മീഷനു മുന്നില്‍ ഹര്‍ജിക്കാരന്‍ ഹാജരാകുകയോ, വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകും. വ്യക്തികളെ ബാധിക്കുന്നതോ, സാക്ഷിമൊഴികളെ പൂര്‍ണമായും ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് ഉത്തരവിട്ടിട്ടുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് പുറത്തു വിടുന്നതെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാരും വിവരാവകാശ കമ്മീഷന്‍ നിലപാടിനോട് യോജിച്ചു.

Leave a Reply