‘ബുദ്ധിമുട്ടേറിയ തീരുമാനം’; ഹർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു

0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹര്‍ദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഹർദികും നടാഷയും വേർപിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

അതിനിടെ നടാഷ സ്റ്റാൻകോവിച്ച് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ജന്മനാടായ സെർബിയയിലേക്കു പോയി. മകൻ അഗസ്ത്യയും നടാഷയ്ക്കൊപ്പം സെർബിയയിലേക്കു പോയിട്ടുണ്ട്. 2020ലാണ് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരാകുന്നത്. സെർബിയയിൽനിന്നുള്ള മോഡലായ നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.‘‘നാലു വർഷമായിട്ടുള്ള ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പിരിയുകയാണ്. പരസ്പര ബഹുമാനവും സന്തോഷവുമുള്ള കുടുംബമായി വളർന്ന ശേഷം വളരെ ബുദ്ധിമുട്ടിയാണ് പിരിയാൻ തീരുമാനിക്കുന്നത്. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും, പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.’’– ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടാഷ മകനെ ഗർഭം ധരിച്ച വേളയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം കുഞ്ഞ് പിറന്നു. മുംബൈയിലായിരുന്നു ഹർദികും നടാഷയും താമസിച്ചിരുന്നത്. അടുത്തിടെ ഹർദികിന്റെ പേര് നടാഷ ഇൻസ്റ്റഗ്രാമിൽനിന്ന് മാറ്റിയതോടെയാണ്, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി അഭ്യൂഹങ്ങൾ പരന്നത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം ഹർദിക് പാണ്ഡ്യ വിശ്രമത്തിലാണ്.

Leave a Reply