കൊച്ചി: റാന്നിയില്‍ അമ്മയുടെ കണ്‍മുന്നില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ കുട്ടികളുടെ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി ഇളവു ചെയ്തു. കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ തോമസ് ചാക്കോ (ഷിബു) വധശിക്ഷയ്ക്ക് പകരം 30 വര്‍ഷം ഇളവില്ലാതെ കഠിനതടവ് അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
വധശിക്ഷ നല്‍കാന്‍ തക്കവിധം ‘അപൂര്‍വങ്ങളില്‍ അപൂര്‍വ’ കേസ് അല്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. പിതൃസഹോദരന്‍ എന്ന നിലയിലുള്ള വിശ്വാസം തകര്‍ത്ത്, കുട്ടികളെ ഇല്ലായ്മ ചെയ്ത ക്രൂരതയ്ക്കു പ്രതി കഠിന ശിക്ഷ അര്‍ഹിക്കുന്നതായി കോടതി വ്യക്തമാക്കി.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇളയ സഹോദരന്‍ മാത്യു ചാക്കോയുടെ മക്കളായ മെബിന്‍ (3) മെല്‍ബിന്‍ (7) എന്നിവരെ 2013 ഒക്ടോബര്‍ 27നു കുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. 2019 ഫെബ്രുവരി 15ന് പത്തനംതിട്ട അഡീ. സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലും വധശിക്ഷാ റഫറന്‍സും പരിഗണിച്ചാണു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിയുടെ മനോനില തകരാറിലായിരുന്നു എന്നുമാണു പ്രതിഭാഗം വാദം.
കൊലക്കുറ്റത്തിനു തടവു ശിക്ഷ കൂടാതെ 5 ലക്ഷം രൂപയുടെ പിഴ തുക കുട്ടികളുടെ അമ്മ ബിന്ദുവിനു നല്‍കണം. പ്രതി ഇനിയും തുക നല്‍കുന്നില്ലെങ്കില്‍ വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റി തുക വിതരണത്തിനു നടപടിയെടുക്കണം. ഇതിനു പുറമേ, കുട്ടികളുടെ അമ്മയെ ഉപദ്രവിച്ചതിന് 3 വര്‍ഷവും വീടിന് തീ വച്ചതിന് 10 വര്‍ഷവും കൊല നടത്താന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനു 10 വര്‍ഷവും കഠിനതടവു ശിക്ഷ വിധിച്ച വിചാരണക്കോടതി നടപടികള്‍ ഹൈക്കോടതി ശരിവച്ചു.
ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രോജക്ട് 39 എ നടത്തിയ മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ടും വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്റെയും സൈക്യാട്രിസ്റ്റിന്റെയും പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് കോടതി വധശിക്ഷയില്‍ ഇളവ് അനുവദിച്ചത്. സമൂഹവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ സാധ്യതയുണ്ടെന്നും പരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നുമായിരുന്നു മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ട്. പ്രതിയുടെ 11 വര്‍ഷത്തെ തടവിനിടെ, മാറ്റങ്ങളോടു പൊരുത്തപ്പെടാനുള്ള ശേഷി പ്രകടമായി. ബാല്യത്തില്‍ നേരിട്ട കഷ്ടപ്പാടുകളും അവഗണനയും പഠനത്തിന് അവസരമില്ലാതിരുന്നതും നേരത്തേ തൊഴിലെടുക്കേണ്ടി വന്നതും സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായകമാണ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നതും ഇളവ് അനുവദിക്കുന്നതില്‍ നിര്‍ണായകമായി.വധശിക്ഷ ഒഴിവാക്കണമെന്ന് അമ്മയും സഹോദരിയും ആവശ്യപ്പെട്ടുവെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിലുണ്ട്. ഭാര്യയും മക്കളും മുംബൈയിലേക്കു താമസം മാറിയതിനാല്‍ കാണാനായില്ല. അതേസമയം, കൊല്ലപ്പെട്ട കുട്ടികളുടെ പിതാവായ, പ്രതിയുടെ സഹോദരന്‍ പരമാവധി ശിക്ഷ നല്‍കണമെന്നു പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.