പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി

0

കല്‍പ്പറ്റ:കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി.

വയനാട്ടിലെ മുണ്ടക്കൈ,അട്ടമല,ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ഓര്‍ക്കാപ്പുറത്തെത്തിയ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ അകപ്പെട്ടതിന്റെ നടുക്കത്തില്‍ ഉള്ളുലയ്ക്കുന്ന കരച്ചിലുകളാണ് ദുരന്തഭൂമിയില്‍. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ പലരും കഴുത്തറ്റം ചെളിയില്‍ മുങ്ങിയിരുന്നു. ഒന്നും ചെയ്യാനാകാതെ, പ്രിയപ്പെട്ടവരെ രക്ഷിക്കാനാകാതെ നിസഹായരായി നില്‍ക്കേണ്ടി വന്നവരുടെ കണ്ണീര്‍ക്കാഴ്ചകള്‍.വീടടക്കം ഉള്ളതെല്ലാം നഷ്ടമായി ഇനി ഭാവിയെന്തെന്നറിയാത്ത അനിശ്ചിതത്വത്തിലാണ് നിരവധി കുടുംബങ്ങള്‍.

Leave a Reply