പോയസ് ഗാർഡനിലെ ആഡംബര വീടിന്റെ പേരിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ് സൂപ്പർതാരം ധനുഷ്. തനിക്കെന്താണ് പോയസ് ഗാർഡിൽ വീട് വാങ്ങാൻ പറ്റില്ലേ എന്നാണ് താരം ചോദിച്ചത്. പോയസ് ഗാർഡനിൽ വീട് വാങ്ങാനുള്ള കാരണവും താരം വ്യക്തമാക്കി. പുതിയ ചിത്രം രായനിലെ ഓഡിയോ ലോഞ്ചിൽ വച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
‘പോയസ് ഗാർഡനിലെ വീട് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കിൽ ഞാൻ ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ താമസിച്ചേനെ. എന്താ എനിക്ക് പോയസ് ഗാർഡനിൽ വാങ്ങാൻ പറ്റില്ലേ ? തെരുവിലിരുന്നവൻ എല്ലായ്പ്പോഴും തെരുവിൽ തന്നെയേ ജീവിക്കാവൂ എന്നുണ്ടോ? ഈ പോയസ് ഗാർഡൻ വീടിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. ഞാൻ ആരുടെ ആരാധകനാണെന്ന് (രജനീകാന്ത്) എല്ലാവർക്കും അറിയാമല്ലോ?. എനിക്ക്16 വയസ്സുള്ള തലൈവരുടെ വീട് കാണണം എന്ന് ഒരു ആഗ്രഹമുണ്ടായി. അവിടെ നിന്ന ഒരാളോട് ഞാൻ ചോദിച്ചു, തലൈവർ വീട് എവിടെയാണ് എന്ന്. അയാൾ ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. കുറച്ചുകൂടി പോയപ്പോൾ അവിടെ പൊലീസ് നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നിട്ട് വേഗം തിരിച്ചുവരണമെന്ന് അവർ പറഞ്ഞു.”അങ്ങനെ ഞാനും സുഹൃത്തും അവിടെ പോയി തലൈവർ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിനു മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണ് എന്ന്. ഞാൻ ബൈക്ക് നിർത്തി ഒരു നിമിഷം അവിടെ ഇറങ്ങി നിന്നു. ഒരു വശത്ത് രജിനി സാറിന്റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്.. ഒരു നാൾ..ഒരു നാൾ എങ്ങനെയെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും വാങ്ങണം. അങ്ങനെ ആ വാശി മനസ്സിൽ കയറി, ആ സമയത്ത് എനിക്ക് വയസ്സ് പതിനാറ്. വീട്ടിൽ ആ സമയത്ത് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ‘തുളളുവതോ ഇളമൈ’ എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിന്റെ നടുവിൽ നിൽക്കേണ്ടി വന്നേനെ. അങ്ങനെ ഇരുന്ന ആ 16 വയസ്സിൽ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാർത്ഥ പേര്) 20 വർഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് ആ പോയസ് ഗാർഡൻ വീട്.’ – താരം പറഞ്ഞു.150 കോടി ചെലവിലാണ് ധനുഷ് പോയസ് ഗാർഡനിൽ വീട് നിർമിച്ചത്. നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീർത്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടാണ് വീടിന്റെ പണി തീർത്തത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം ആംബര വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
ധനുഷിന്റെ 50ാം ചിത്രമാണ് രായൻ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപർണ ബാലുമുരളി, കാളിദാസ് ജയറാം, എസ് ജെ സൂര്യ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
Home entertainment ‘എനിക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ?’; വിമർശകരുടെ വായടപ്പിച്ച് ധനുഷിന്റെ പ്രസംഗം