ന്യൂഡല്‍ഹി: കേസ് വിവരങ്ങള്‍ പൊതു മണ്ഡലത്തില്‍നിന്നു മായ്ചുകളയാനുള്ള, കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ അവകാശം (റൈറ്റ് ടു ഫൊര്‍ഗോട്ടന്‍) പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതിയുടെ അപേക്ഷയില്‍ വിധിന്യായം വെബ്സൈറ്റില്‍ നിന്നു പിന്‍വലിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.
ബലാത്സംഗ കേസില്‍ ഒരാളെ കുറ്റവിമുക്തനാക്കിയ വിധി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ലോ പോര്‍ട്ടലിനോട് ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്. വിധികള്‍ പൊതുരേഖകളുടെ ഭാഗമാണ്. അവ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.വിധി പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ അത് പൊതു രേഖകളുടെ ഭാഗമാകും. വെബ്‌സൈറ്റില്‍ നിന്ന് വിധി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇന്ത്യ കാനൂണ്‍ പോര്‍ട്ടല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.