മുംബൈ: തിരക്കേറിയ മുംബൈ അടല്‍ സേതുവില്‍ വാഹനം നിര്‍ത്തിയ ശേഷം ടെക്കി യുവാവ് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു. 38കാരനായ ശ്രീനിവാസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
യുവാവ് കാര്‍ നിര്‍ത്തിയ ശേഷം പാലത്തില്‍ കയറി കടലിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ടാറ്റ നെക്‌സണ്‍ കാറിലെത്തിയ യുവാവ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ശ്രീനിവാസ് അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നേരത്തെ കുവൈത്തില്‍ ജോലി ചെയ്യുന്നതിനിടെയും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീനിവാസ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി ഇയാള്‍ ഭാര്യയെയും നാലുവയസുകാരിയായ മകളെയും ഫോണില്‍ വിളിച്ചിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ മുംബൈ പൊലീസും രക്ഷാപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലിസ് പറഞ്ഞു.