പുലിക്കും കാട്ടാനയ്ക്കും പിന്നാലെ കരടിയും, പീരുമേട്ടില്‍ നാട്ടുകാര്‍ ഭീതിയില്‍; വീട്ടുമുറ്റത്ത് നിന്ന് രാജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങിയതോടെ ഭീതിയില്‍ നാട്ടുകാര്‍. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.

പീരുമേട്ടില്‍ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഭീതി പടര്‍ത്തുന്നതിനിടെ കരടിയും ഇറങ്ങിയത് നാട്ടുകാരുടെ ഭയം വര്‍ധിപ്പിച്ചിരിക്കുകയാണ്. പീരുമേട് ടൗണില്‍ അഗ്‌നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. പുറത്തേക്കിറങ്ങിയ രാജന്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു.തുടര്‍ന്ന് മുറിഞ്ഞപുഴയില്‍ നിന്ന് വനം വകുപ്പ് സംഘവും പീരുമേട് ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകളുള്‍പ്പെടെ പരിശോധിച്ച് പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാമറ വഴി കരടിയുടെ സഞ്ചാരം നിരീക്ഷിക്കാനുളള നടപടിയും തുടങ്ങി. ആവശ്യമെങ്കില്‍ കൂട് ഉടനെ സ്ഥാപിക്കും.നിലവില്‍ പീരുമേട് ടൗണിന് സമീപം കാട്ടാനയും നിലയുറപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുളളതിനാല്‍ നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply