ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ് (41) ആണ് മരിച്ചത്. ചെന്നൈ – ബംഗളുരു ദേശീയപാതയില്‍ മഹാരാജാകാട് ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം.
കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ഹൈവേയില്‍ ശരവണ ഭവന്‍ ഹോട്ടലിന് മുന്നില്‍ കുത്തേറ്റു രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുകയായിരുന്നു ഏലിയാസ്. പുലര്‍ച്ചെ 5 മണിയോടെ ഹോട്ടലിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഹൈവേയില്‍ നടന്ന കൊള്ളയുടെ ഭാഗമായിരിക്കാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കില്‍ രണ്ട് പേര്‍ രക്ഷപ്പെടുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു. കൃഷ്ണഗിരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.