അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നേവിയുടെ സ്കൂബ ഡൈവർമാർ പുഴയിലിറങ്ങുക.
പുഴയിൽ അടിയൊഴുക്ക് ഇന്നലെ 6 നോട്സായിരുന്നു. മൂന്നു നോട്സിൽ താഴെയാണെങ്കിൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ്.പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച ഡ്രോൺ പരിശോധന പുനരാരംഭിച്ചിട്ടില്ല. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു. സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
അർജുന്റെ ട്രക്ക് ഇപ്പോൾ റോഡിൽ നിന്നും 50 മീറ്റർ അകലെയാണുള്ളത്. ട്രക്കിന്റെ മുകൾഭാഗം 5 മീറ്റർ താഴെയും ലോറിയുള്ളത് 10 മീറ്റർ ആഴത്തിലുമാണ്. അവസാനം നടത്തിയ തെർമൽ ഇമേജിങ് പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. ലോറിയുടെ ഡ്രൈവിങ് കാബിൻ തകർന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോൺ പരിശോധനയിൽ വ്യക്തമായി. കാബിനും പിൻവശവും വേർപെട്ട നിലയിലാണോയെന്ന് വ്യക്തമല്ല.