ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്.
വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നേവിസംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങുന്നത് അപകടമാണ്.അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും മരത്തടികള്‍ വേര്‍പെട്ടതോടെ ലോറി ഒഴുക്കില്‍ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതായാണ് സംശയം. ലോറിയില്‍ മനുഷ്യ സാന്നിധ്യം നിര്‍ണയിക്കാന്‍ ഇന്നലെ നടത്തിയ തെര്‍മല്‍ സ്‌കാനിങിലും കഴിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.