അര്‍ജുന്‍ രക്ഷാദൗത്യം: ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ അടക്കം ഷിരൂരിലേക്ക്; അനുകൂല കാലാവസ്ഥയെങ്കില്‍ മാത്രം നദിയില്‍ തിരച്ചില്‍

0

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. അടുത്ത 21 ദിവസം കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം തിരച്ചില്‍ നടത്താമെന്ന തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ദൗത്യം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഇന്ന് ഷിരൂരില്‍ എത്തും. മെഷീന്‍ ഓപ്പറേറ്ററും കൃഷിവകുപ്പിലെ രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരുമാണ് ഷിരൂരിലേക്ക് പോയിട്ടുള്ളത്. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജിങ്ങ് യന്ത്രം പ്രവര്‍ത്തിക്കാനാകുമോ എന്നതടക്കം ഇവര്‍ പരിശോധിക്കും. അര്‍ജുന്റെ രക്ഷാദൗത്യത്തിനുള്ള ഡ്രഡ്ജര്‍ യന്ത്രം തൃശൂരില്‍ സജ്ജമാണ്.

യന്ത്രത്തിന്റെ സാങ്കേതിക പരിശോധനകള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. യന്ത്രം കൊണ്ടുപോകുന്നതിന് കര്‍ണാടകയില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ കൈമാറും. 25 അടി താഴ്ചയില്‍ വരെ ചെളി നീക്കാന്‍ കഴിയുന്ന, ജലോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് ദൗത്യം തുടരാന്‍ തീരുമാനിച്ചത്. അതിനിടെ, മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.

Leave a Reply