ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ 13ാം ദിവസത്തിലേക്ക്. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. തെരച്ചിൽ ദുഷ്കരമായി തുടരുന്നതിനിടയിൽ ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത. ദൗത്യത്തിന്‍റെ പുരോഗതിയിൽ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.
ഗംഗാവലി പുഴയിൽ ഇറങ്ങിയുള്ള പരിശോധനയിലും ഇന്നലെ നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തെരച്ചിൽ. ‘ഉഡുപ്പി അക്വാമാൻ’ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്.
വെള്ളത്തിനടിയിലെ പാറക്കല്ലുകളടക്കം തിരച്ചിലിനു വെല്ലുവിളിയായി. വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് കർവാർ എംഎൽഎ പറഞ്ഞു. മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മൂന്നാം തവണ നടത്തിയ ഡൈവില്‍ ഈശ്വർ മാല്‍പെ ഒഴുക്കിൽപ്പെട്ടു. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വര്‍ മാല്‍പെയെ കരയ്‌ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്തത്.നിലവിൽ പരിശോധന നടക്കുന്ന സ്ഥലത്ത്, ലോറി പാറക്കഷ്ണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെ ലോറി പകുതി തകർന്ന നിലയിലും ഡ്രൈവിങ് കാബിൻ മുകളിലേക്ക് ഉയർന്ന നിലയിലുമാണെന്നാണ് നിഗമനം. ലോറിക്കരികിൽ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുഴയിലെ മണ്ണും ചെളിയും ട്രജർ ബാർജുകളുപയോഗിച്ച് നീക്കാനുള്ള ശ്രമമാണ് സാധിക്കുക. പക്ഷേ ഗോവ പോർട്ട് വഴിയുള്ള റൂട്ട് മഴ കാരണം അടച്ചിട്ടതിനാലും പുഴ വഴിയുള്ള ബോട്ട് ചാനലിൽ രണ്ട് പാലങ്ങൾ ഉള്ളതും മണ്ണ് നീക്കുന്ന ബാർജുകൾ എത്തിക്കാൻ പ്രതിസന്ധിയായതിനാൽ അതും അസാധ്യമാണ്.