ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് സിബിഐ അന്വേഷിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ കെജരിവാളിന്റെ ജാമ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരന്മാരിലൊരാളാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ആംആദ്മി പാര്‍ട്ടി മാധ്യമവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നയാളും കെജരിവാളിന്റെ വിശ്വസ്തനുമായ വിജയ് നായര്‍ നിരവധി മദ്യ നിര്‍മ്മാതാക്കളുമായും വ്യാപാരികളുമായും ബന്ധപ്പെട്ടിരുന്നതായി സിബിഐ പറയുന്നു.മുന്‍ ഡല്‍ഹി എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ മദ്യനയം സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നല്‍കിയത് കെജരിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്. യാതൊരു യുക്തിയുമില്ലാതെ മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത് കെജരിവാളാണെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
മദ്യ കുംഭകോണത്തിലെ ഗൂഢാലോചനയുടെ ഭാഗമാണ് അരവിന്ദ് കെജരിവാള്‍. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും കെജരിവാളിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാത്രമാണ് എടുത്തിട്ടുള്ളതെന്നും നേരത്തെ കേസില്‍ വാദം കേള്‍ക്കലിനിടെ സിബിഐ വ്യക്തമാക്കിയിരുന്നു. എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 നാണ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജരിവാള്‍ ജയിലില്‍ തുടരുകയാണ്.