വായു വലിച്ചെടുത്തു പറക്കും; ശബ്‌ദത്തെക്കാൾ ആറിരട്ടി വേഗം, സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയമെന്ന് ഐഎസ്ആർഒ

0

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാൻ ശേഷിയുള്ള ഐഎസ്ആർഒയുടെ സ്ക്രാംജെറ്റ് റോക്കറ്റ് എൻജിന്റെ പരീക്ഷണം വിജയം. രോഹിണി 560 റോക്കറ്റിൽ ഐഎസ്ആർഒ വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്. സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ജപ്പാൻ എന്നിവരാണ് ഈ നേട്ടമുള്ള മറ്റ് രാജ്യങ്ങൾ.

തിങ്കളാഴ്ച രാവിലെ 7.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എടിവി റോക്കറ്റ് (അഡ്വാൻസ്ഡ് ടെക്നോജളിക്കൽ വെഹിക്കിൾ) ഓക്സിജൻ വലിച്ച് കുതിച്ചത്. ഭൗമാന്തരീക്ഷത്തിന്റെ അതിരുവരെ പോയ റോക്കറ്റ് നിർദ്ദിഷ്ട 110 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കി. 2016 ഓഗസ്റ്റിലാണ് സ്ക്രാംജെറ്റ് എൻജിനും അനുയോജ്യമായ പ്രൊപ്പൽഷനും വികസിപ്പിച്ചത്.

ഇന്ധനം നിറയ്ക്കാനുള്ള ടാങ്കും അത് ജ്വലിപ്പിക്കാനുള്ള ഓക്സികാരിയുമുൾപ്പെടെ രണ്ട് ടാങ്കുകളാണ് സാധാരണ റോക്കറ്റിലുണ്ടാകുക. എടിവി റോക്കറ്റിൽ ഹൈഡ്രജനാണ് പ്രധാന ഇന്ധനം. എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിക്കും. അന്തരീക്ഷത്തിൽ നിന്ന് ശ്വസിക്കുന്ന ഓക്സിജനുപയോഗിച്ച് 70 കിലോമീറ്റർ ഉയരത്തിൽ വരെ എടിവി പറന്നു. ഭൂമിയുടെ ഭൗമാന്തരീക്ഷം കഴിയും വരെയേ ഇതുപയോഗിക്കാനാകൂ.റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. ഉദാഹരണത്തിന് ഇന്ത്യയുടെ വലിയ റോക്കറ്റായ എൽഎംവി. 3യുടെ ഭാരം 640 ടണ്ണാണ്. ഇതിൽ 555 ടണ്ണും ഇന്ധനമാണ്. ഇതുമൂലം നാലുടണ്ണിൽ കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിച്ച് പറക്കാനാകില്ല. ഇതിൽ സ്ക്രാം ജെറ്റ് എൻജിൻ ഉപയോഗിച്ചാൽ എട്ടു മുതൽ പത്തുടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളുമായി കുതിക്കാം. പുതിയ സംവിധാനത്തിലൂടെ 385 ടൺ ഇന്ധനം ഒഴിവാക്കാം. ശബ്ദത്തെക്കാൾ പത്തിരട്ടി വരെ വേഗതയും കൈവരിക്കാം.

Leave a Reply