മരുന്ന് വാങ്ങിയ ശേഷം മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി മുങ്ങി; കയ്പമംഗലത്ത് ഗ്രാഫിക് ഡിസൈനര്‍ പിടിയില്‍

0

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി നവോദയ നഗര്‍ കൊല്ലന്നൂര്‍ വീട്ടില്‍ ജസ്റ്റിനെയാണ് (39) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 110 രൂപയ്ക്ക് മരുന്നു വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും നോട്ട് മാറിയില്ലങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലിവില്ലായിരുന്നു. കടയുടമ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്.ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും സിസിടിവിയില്‍ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് പന്ത്രണ്ട് 500 ന്റെ കള്ളനോട്ടും മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത 500ന്റെ നോട്ടുകളും കണ്ടെടുത്തു. കള്ളനോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും, പ്രിന്ററടക്കം കയ്പമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പതിന്റെ മുദ്ര പേപ്പറില്‍ അഞ്ഞൂറിന്റെ രണ്ട് നോട്ടുകളാണ് ഇയാള്‍ പ്രിന്റ് ചെയ്തിരുന്നത്.

ഇയാള്‍ ആറു മാസത്തോളമായി ഇത്തരത്തില്‍ കള്ളനോട്ട് നിര്‍മ്മിച്ച് കാറില്‍ സഞ്ചരിച്ച് ജില്ലയിലെ വിവിധ കടകളില്‍ നല്‍കി മാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്‍, എസ്‌ഐമാരായ കെ എസ് സൂരജ്, സജിബാല്‍, ബിജു, എഎസ്‌ഐ നിഷി, സീനിയര്‍ സിപിഒ മുഹമ്മദ് റാഫി, ജ്യോതിഷ്, സിപിഒ മാരായ ജോസഫ്, ഗില്‍ബര്‍ട്ട് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply