തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാജ്യത്തിന് അങ്ങേയറ്റം നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത്രയും കേരള വിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും ന്യായമായ ഒരു കാര്യവും സംരക്ഷിക്കാന്‍ തയ്യാറാകാത്ത ബജറ്റ് ആയിപ്പോയി ഇതെന്ന് അങ്ങേയറ്റം പ്രതിഷേധത്തോടെയും വിഷമത്തോടെയും പറയുന്നുവെന്ന് ധനമന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ ഭാവിയെക്കരുതിയും രാജ്യത്തിന്റെ വികസനത്തെയും ജനങ്ങളുടെ പുരോഗതിയെയും കരുതിയാണ് വേണ്ടതെങ്കില്‍, യഥാര്‍ത്ഥത്തില്‍ ഇന്ന് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് മോദി സര്‍ക്കാരിന്റെ ആരോഗ്യത്തെക്കരുതിയുള്ളതാണ്. ദുര്‍ബലമായ മുന്നണി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടി മാത്രം നടത്തിയ ഗിമ്മിക്കും രാഷ്ട്രീയ എക്‌സര്‍സൈസുമായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണ ഗതിയില്‍ എല്ലാ സംസ്ഥാനങ്ങളെയും താല്‍പ്പര്യങ്ങളെയും പരിഗണിക്കേണ്ടതാണ്. എന്നാല്‍ ഏറ്റവും ന്യായമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും കരുതിയിട്ടില്ല.
ബജറ്റില്‍ കേന്ദ്രമന്ത്രി രാജ്യത്തിന്റെ ഐക്യം, കോപ്പറേറ്റീവ് ഫെഡറലിസം, എംപ്ലോയ്‌മെന്റ് ജനറേഷന്‍ തുടങ്ങിയവയെക്കുറിച്ച് ബജറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഫെഡറിലസത്തെക്കുറിച്ച് പറയാന്‍ മോദി സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റിലെ സമീപനമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രാജ്യത്തെ ആകെയുള്ള വിഭവങ്ങള്‍ തങ്ങളുടെ മുന്നണി താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം നല്‍കുക എന്നത് ഇന്ത്യാ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്തതാണ്. പ്രഖ്യാപനങ്ങളല്ലാതെ, കഴിഞ്ഞ ബജറ്റില്‍ നിന്നും കാര്യമായ വ്യത്യാസമൊന്നും വരുത്തിയിട്ടില്ലെന്ന് കാണാമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള എംപിമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ നിരാശപ്പെടുത്തിയെന്ന് ആന്റോ ആന്റണിയും, രണ്ടു മന്ത്രിമാരെയല്ലാതെ മറ്റൊന്നും കേരളത്തിന് ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.