തിരുവനന്തപുരം:തിരുവനന്തപുരത്ത് മംഗലപുരം ടെക്‌നോസിറ്റിക്ക് സമീപം കണ്ട കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് വെച്ചാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു
ഇന്നലെ മംഗലപുരത്താണ് കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. രാത്രി അവിടെ നിന്നും കടന്ന കാട്ടുപോത്തിനെ രാവിലെ 10 മണിയോടെ 10-14 കിലോമീറ്റര്‍ മാറി പിരപ്പന്‍കോട് ആണ് കണ്ടെത്തിയത്.
പിരപ്പന്‍കോട് മണിക്കല്‍ എന്ന സ്ഥലത്തെ പൊന്തക്കാട്ടില്‍ കാട്ടുപോത്ത് വിശ്രമിക്കുന്ന വേളയിലാണ് വെറ്ററിനറി സംഘം എത്തി മയക്കുവെടി വെച്ചത്. വെടിയേറ്റ പോത്ത് മതിൽ പൊളിച്ച് ജനവാസമേഖലയിലൂടെ ഓടിയിരുന്നു. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. വിശദമായ പരിശോധനകൾക്ക് ശേഷം കാട്ടുപോത്തിനെ വനത്തിൽ തുറന്നുവിടുമെന്നാണ് വിവരം.