Tuesday, March 25, 2025

പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം; നിലക്കലില്‍ പതിനായിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏര്‍പ്പെടുത്തും; മണ്ഡലം – മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായ ദര്‍ശനത്തിനാവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും എര്‍പ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലയളവില്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇത് ഓരോ വര്‍ഷവും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദര്‍ശനം നടത്തിയത്.

പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാവശ്യമായ ടെന്‍ഡര്‍ നടപടികളടക്കം അതിവേഗം പൂര്‍ത്തീകരിക്കും. ബിഎംബിസി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയില്‍പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. നിലവില്‍ നിലക്കലില്‍ 8000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും എരുമേലിയില്‍ 1100 വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നുള്ളത് രണ്ടായിരമായി വര്‍ധിപ്പിക്കും. ആവശ്യമായ ആറേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചു വരികയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തില്‍ മുഴുവന്‍ ഇടത്താവളങ്ങളും സമയബന്ധിതവായി ക്രമീകരിക്കും. ഭക്തരുടെ അടിയന്തിര ആരോഗ്യ പരിപാലനത്തിന് ആക്സിഡന്റ് ട്രോമാകെയര്‍ സംവിധാനം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒരുക്കും. സന്നിധാനത്ത് ഇസിജി, എക്കോ, ടി എം ടി അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ക്യൂവില്‍ നില്‍ക്കുന്ന ഭക്തരുടെ അടിയന്തിര ചികിത്സാര്‍ത്ഥം വോളണ്ടിയര്‍മാര്‍ക്ക് സി പി ആര്‍ പരിശീലനം നല്‍കും. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക സെല്‍ ആരംഭിക്കും. നിലവില്‍ മൂന്ന് ആംബുലന്‍സ് എന്നുള്ളത് നാലായി ഉയര്‍ത്തുകയും നാലാമത്തെ ആംബുലന്‍സ് മരക്കൂട്ടം ഭാഗത്ത് സേവനം നല്‍കുകയും ചെയ്യും.

Latest News

അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.  ഓപ്പറേഷനിൽ...

More News