ബംഗളൂരു: അശാസ്ത്രീയമായ നിര്‍മാണമാണ് ഷിരൂരിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പന്‍വേല്‍ കന്യാകുമാരി ദേശീയപാതയുടെ ഭാഗമായ ഇവിടെ കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടല്‍ മലയിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.ദുരന്തകാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കൂടുതല്‍ നാശമുണ്ടാകാതിരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഇവിടെ തടയപ്പെട്ടതായി പഠനത്തില്‍ ഉണ്ട്. കുന്നിന്റെ ഘടനയില്‍ മാറ്റംവന്നു. കുന്നിന്‍ചെരിവ് തുരന്നതിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം ചെറിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായതായും പറയുന്നു.കുറഞ്ഞ സമയത്തിനിടെ ഇവിടെ 503 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ജൂലായ് 16ന് എട്ടരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ പത്തുപേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്. എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.