തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജീവനക്കാരിയായ യുവതി 20 കോടിയോളം രൂപയുമായി മുങ്ങി. തൃശ്ശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങിയത്. 18 വർഷമായി യുവതി ഇവിടെ ജീവനക്കാരിയാണ്.
വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് യുവതി സ്ഥാപനത്തില്‍ നിന്നും കോടികൾ കൈക്കലാക്കിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയത്.കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസ്സിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിയെന്നും ആരോപണമുണ്ട്.
വലപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന സംശയവും പൊലീസിനുണ്ട്. അന്വേഷണത്തിനായി വലപ്പാട് സിഐയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനത്തിൽ നിന്നും നഷ്ടപ്പെട്ടത് 19. 94 കോടിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.