10ലക്ഷം രൂപ പിഴ, അഞ്ച് വര്‍ഷം വരെ തടവ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയാല്‍ കടുത്ത ശിക്ഷ; ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ

0

പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തലിനു കടുത്ത ശിക്ഷാവ്യവസ്ഥകളുള്ള ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ. ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കു മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണു ശിക്ഷ. പരീക്ഷ നടത്തിപ്പിലെ സേവനദാതാക്കള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടാല്‍ ഒരു കോടി രൂപ പിഴയും നാലു വര്‍ഷത്തേക്കു വിലക്കും ഏര്‍പ്പെടുത്തും.

പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ചെലവിലൊരു ഭാഗവും സേവനദാതാവില്‍ നിന്ന് ഈടാക്കും. ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ്, ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്കെല്ലാം ബാധകമാണു ഈ നിയമം.നീറ്റ് 2024 ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രബിന്ദുവായതിന് പിന്നാലെയാണ് മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.

Leave a Reply