‘ട്രോളിയവരൊക്കെ എവിടെ?’; തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ

0

ഒടുവില്‍ സുരേഷ് ഗോപി തൃശൂര്‍ ഇങ്ങെടുത്തു. കൊച്ചു കുട്ടികള്‍ പോലും ഏറ്റു പറഞ്ഞ പ്രയോഗം. തൃശൂര്‍ ഞാനിങ്ങെടുക്കുവാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ മലയാളികള്‍എല്ലാ പരാജയ കഥകള്‍ക്കുമാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് കഥമാറുകയാണ്.

അമിത ആത്മവിശ്വാസത്തോടെ അന്ന് സുരേഷ് ഗോപിയുടെ വാക്കുകള്‍ ആദ്യം തിരിച്ചടിക്കുകയാണുണ്ടായത്. യുഎഡിഎഫില്‍ നിന്നും ടിഎന്‍ പ്രതാപന്‍ പ്രതാപത്തോടെ ലോക്‌സഭയിലേക്ക് പോകുന്ന കാഴ്ചയാണ് 2019ല്‍ കേരളം കണ്ടത്. പിന്നീട് എന്തിനും ഏതിനും തൃശൂര്‍ ഇങ്ങെടുക്കുവാ എന്നുള്ള പ്രയോഗം മലയാളികള്‍ ഉപയോഗിച്ചു. ട്രോളുകള്‍ നിറഞ്ഞു… ഒടുവില്‍ ഒരിടത്തും ജയിക്കാതെ സുരേഷ് ഗോപി പാര്‍ലമെന്റംഗമായി. ആര്‍ട്ടിക്കിള്‍ 80ന്റെ ആനുകൂല്യത്തില്‍ രാജ്യസഭാംഗമായി നിലനിര്‍ത്തിയപ്പോള്‍ എന്തെങ്കിലും കാണാതെയാവില്ല അത്തരമൊരു നീക്കം ബിജെപി നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഉണ്ടായി. ഔദാര്യത്തിന്റെ നോമിനേഷന്‍ എന്നുള്ള വിമര്‍ശനവും എതിര്‍ഭാഗത്ത് നിന്നുയര്‍ന്നു. എന്തായാലും ഈ നോമിനേഷന്‍ സുരേഷ് ഗോപിക്ക് അമിത ആത്മവിശ്വാസത്തിന്റെ ഡബിള്‍ ബെല്ലാണ് നല്‍കിയത്.

2019ല്‍ തോറ്റെങ്കിലും ബിജെപിയുടെ വോട്ട് നില 2014ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. 17.5 ശതമാനം വര്‍ധിപ്പിച്ച് 2,93,822 വോട്ടാണ് സുരേഷ് ഗോപി നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ സുരേഷ് 40,457 ആയിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ വീണ്ടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ തൃശൂര്‍ എടുക്കും. വേണമെങ്കില്‍ കണ്ണൂരും. ഡല്‍ഹിയിലെ ഒരു നരേന്ദ്രന്‍ വിചാരിച്ചാല്‍ കേരളവും ഇങ്ങെടുക്കും. ഇത്തവണ പല തരത്തില്‍ കളിയാക്കിയവരോടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ കൈ കൊണ്ടല്ല ഹൃദയം കൊണ്ടാണ് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞത്. ഏറ്റവും ഒടുവില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ സുരേഷ് ഗോപിയുടെ താരപരിവേഷത്തിന് കൂടുതല്‍ മികവുണ്ടായി എന്നതാണ് യാഥാര്‍ഥ്യം.

ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ല്‍ സുരേഷ് ഗോപിയെ തൃശൂരില്‍ പരീക്ഷിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായത്. ശബരിമലയെപ്പറ്റി പ്രചാരണത്തിനിടെ ഒന്നും പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയെങ്കിലും ആ വിഷയം ഉയര്‍ത്തിതന്നെയാണ് സുരേഷ് ഗോപി മുന്നേറിയത്. എന്നാല്‍ ‘ഇക്കുറി തൃശൂരില്‍ നിന്നൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി’ എന്നുപറഞ്ഞുകൊണ്ടാണ് തൃശൂരില്‍ സുരേഷ് ഗോപി പ്രചാരണം ശക്തമാക്കിയത്. എതിരാളികള്‍ ട്രോളി ഒരു വശത്താക്കിയെങ്കിലും തനി സിനിമാ സ്‌റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥിയെ കാണാനും സെല്‍ഫിയെടുക്കാനും ജനങ്ങള്‍ ഒത്തുകൂടി. എന്നാല്‍ ഇതെല്ലാം വോട്ടായി മാറുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ടായിരുന്നു.സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. സ്ത്രീ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാര്‍ക്കായി. തന്നില്‍ സംസ്ഥാന ബിജെപിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി. ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരവും തെഞ്ഞെടുപ്പ് വിഷയമായത് സുരേഷ് ഗോപിക്ക് അനുകൂലമായെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. ഏതാലായും പ്രബലരായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിനെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെയും പിന്തള്ളി തൃശൂര്‍ സുരേഷ് ഗോപി എടുത്തു…

Leave a Reply