യുഡിഎഫിന്റെ അഞ്ച് ശതമാനം വോട്ട് കുറഞ്ഞു, ഒരു സീറ്റും പോയി; എല്‍ഡിഎഫിന് നഷ്ടം ഒരു ശതമാനം വോട്ടുമാത്രമെന്ന് എംവി ഗോവിന്ദന്‍

0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എല്‍ഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തുമെന്നും എംവി ഗോവിന്ദന്‍ മാധ്യങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫിന് മൊത്തത്തില്‍ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും എല്‍ഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചത്. തോല്‍വി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടില്ല. എന്നാല്‍, യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളാണ് നഷ്ടപ്പെട്ടത്. 2019ല്‍ 47 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 42 ആയി കുറഞ്ഞു. 36 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. അതുകൊണ്ട് എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നെന്ന് പ്രചാരണം തെറ്റാണ്.

മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകക്ഷിയായിട്ട് പ്രവര്‍ത്തിച്ചിട്ടും ഒരു ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടായിട്ടുള്ളു, യുഡിഎഫിന് ഒരു സീറ്റ് കുറയുകയും ചെയ്തു. ആറ്റിങ്ങലില്‍ ജോയ് 617 വോട്ടിനാണ് പരാജയപ്പെട്ടത്. അത് ജയിച്ച തോല്‍വിയാണെന്നും അതിനെ തോറ്റകൂട്ടത്തില്‍പ്പെടുത്തേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇവിടെ ആര് ജയിച്ചാലും ഡല്‍ഹിയിലെത്തിയാല്‍ ഒന്നിച്ചുനില്‍ക്കുന്നവരാണെന്ന ജനങ്ങളുടെ ചിന്തയും അവര്‍ക്ക് വോട്ട് ചെയ്യാന്‍ കാരണമായിട്ടുണ്ടാകും.തൃശൂര്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസ് വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. 86,000 വോട്ടുകളാണ് കോണ്‍ഗ്രസിന് കുറഞ്ഞത്, സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000. എല്‍ഡിഎഫിന് അവിടെ ആറായിരത്തിലധികം വോട്ടുകള്‍ കൂടിയിട്ടുണ്ട്. ബാക്കി മാധ്യമങ്ങള്‍ കണക്കുകൂട്ടിക്കോളൂ. നേമത്ത് മുന്‍പ് ഉണ്ടായതുപോലെ കോണ്‍ഗ്രസാണ് തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത്. തെരഞ്ഞടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. പരാജയത്തിന്റെ അടുത്ത ഘട്ടമാണ് വിജയമെന്നും വിജയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും പരാജയമുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്ല ജീവന്‍ നല്‍കുന്നതാണ്. സിപിഎമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply