രണ്ടായിരം പേര്‍ക്ക് പിടിയും പോത്തു കറിയും; ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ജയം ആഘോഷിച്ച് പിറവം

0

കൊച്ചി: പിറവത്ത് ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചാല്‍ 2500 പേര്‍ക്ക് പോത്തും പിടിയും നല്‍കുമെന്നുമുള്ള എല്‍ഡിഎഫ് നേതാവ് ജില്‍സ് പെരിയ പുറം വാഗ്ദാനം പാലിച്ചു. രണ്ടു കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ബലപരീക്ഷണം നടന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തിനു കൊഴുപ്പുകൂട്ടാനാണ് നാട്ടുകാര്‍ക്കു പിടിയും ചൂടന്‍ പോത്തുകറിയും നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പാര്‍ട്ടിയിലെ തന്നെ അംഗവും പിറവം നഗരസഭാ ഭരണത്തില്‍ എല്‍ഡി എഫിന് ഒപ്പംനില്‍ക്കുന്ന കൗണ്‍സിലറുമായ ജില്‍സ് പെരിയപ്പുറവും ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകരുമായിരുന്നു പിന്നണിയില്‍.

200 കിലോഗ്രാം അരിപ്പൊടിയും 250 കിലോഗ്രാം പോത്തിറച്ചിയും ഉപയോഗിച്ചാണു 2000 പേര്‍ക്കുള്ള വിഭവങ്ങള്‍ ഒരുക്കിയത്. സമീപത്തെ അഗതി മന്ദിരങ്ങളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തുമായിരുന്നു വിതരണം. ആഘോഷം കേരള കോണ്‍ഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം അപു ജോസഫ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ടേമില്‍ എംപിയായിരുന്ന തോമസ് ചാഴികാടന്‍ പിറവം മണ്ഡലത്തെ അവഗണിച്ചതിനാല്‍ പരാജയം ആഘോഷമാക്കുന്നുവെന്നാണ് കൂട്ടായ്മയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ജില്‍സ് പെരിയപ്പുറം സ്വന്തം പാര്‍ട്ടിയുമായി (കേരള കോണ്‍ഗ്രസ് എം) അകല്‍ച്ചയിലാണ്. ഇടയ്ക്കു യുഡിഎഫ് വേദികളിലും എത്താറുണ്ട്. സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ഥിയുടെ പരാജയം ആഘോഷമാക്കിയതില്‍ ജില്‍സിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമോയെന്നാണു ജനം ഉറ്റുനോക്കുന്നത്.

Leave a Reply