ജൂലൈ ഒന്നുമുതല്‍ ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

0

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ജൂലൈ ഒന്നുമുതല്‍ ക്ലോസ് ചെയ്യുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന, ബാലന്‍സ് ഇല്ലാത്ത, കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത അക്കൗണ്ടുകള്‍ ആണ് ക്ലോസ് ചെയ്യുക. നേരത്തെ ജൂണ്‍ ഒന്നുമുതല്‍ ക്ലോസ് ചെയ്യുമെന്നായിരുന്നു ബാങ്ക് അറിയിച്ചിരുന്നത്.

ഭാവിയില്‍ അക്കൗണ്ട് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30നകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് ആക്ടീവ് ആക്കണമെന്നും ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ഏപ്രില്‍ 30 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ പോകുന്നത്.ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകള്‍, ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നവ, 25 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ അക്കൗണ്ടുകള്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍, PMJJBY, PMSBY, SSY, APY, DBT തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായി തുടങ്ങി അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. അക്കൗണ്ട് ക്ലോസ് ആയാല്‍ പുനഃസ്ഥാപിക്കുന്നതിന് തൊട്ടടുത്തുള്ള ശാഖയില്‍ പോയി കെവൈസി രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Reply