ഇനി ഉണ്ടാവില്ല ‘ഗുഡ്‌മോണിങ്’, ലൂക്കോസ് വിടവാങ്ങിയത് മകളുടെ തുടര്‍പഠനത്തിനായി അടുത്തമാസം നാട്ടില്‍ വരാനിരിക്കെ

0

കൊല്ലം: കുവൈത്തിലെ തീപിടിത്തത്തിന് തൊട്ടുമുന്‍പ് ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാര്‍ക്കുള്ള പതിവ് ഗുഡ്‌മോണിങ് സന്ദേശം അയച്ചു. എന്നാല്‍ ജോലിക്കു പോകുന്നതിന് മുന്‍പുള്ള പതിവു ഫോണ്‍ വിളി മാത്രം ഉണ്ടായില്ല. മക്കളും ഭാര്യയും തിരികെ വിളിച്ചിട്ട് മറുപടി ലഭിച്ചുമില്ല. തീപിടിത്തത്തെപ്പറ്റി ടിവിയില്‍ വാര്‍ത്ത വന്നതോടെ വെളിച്ചിക്കാല വടകോട്ട് വിളയില്‍ ആശങ്കയേറി. ബന്ധുക്കളും മാറിമാറി ലൂക്കോസിനെ ഉച്ചവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.(There will be no more ‘Good Morning’,Lukos has left as his daughter is due to return home next month for her further studies.,)

ലൂക്കോസിന്റെ ഭാര്യ ഷൈനിയും മക്കളായ ലിഡിയയും ലോയ്‌സും ലൂക്കോസിന്റെ മാതാപിതാക്കളായ സി ഉണ്ണുണ്ണിയും കുഞ്ഞമ്മയും താന്‍ സുരക്ഷിതനാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ലൂക്കോസിന്റെ വിളിക്കായി പ്രാര്‍ഥനയുമായി മണിക്കൂറുകളാണ് തള്ളി നീക്കിയത്. മരിച്ച മലയാളികളില്‍ ഒരു കൊല്ലം സ്വദേശിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ തകര്‍ന്നു. ശൂരനാട് സ്വദേശിയാണ് മരിച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ക്കു ശേഷം ലൂക്കോസിന്റെ മരണ വാര്‍ത്തയും എത്തിയതോടെ നാട് മുഴുവന്‍ ലൂക്കോസിന്റെ വീട്ടിലേക്ക് ഒഴുകി എത്തി.

പ്ലസ്ടുവിന് എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മൂത്ത മകള്‍ ലിഡിയയുടെ തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ലൂക്കോസ്. 18 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ലൂക്കോസ് എന്‍ബിടിസി കമ്പനിയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറാണ്. കൊല്ലം സ്വദേശി തന്നെയായ ഷെമീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണു ബന്ധുക്കളും സുഹൃത്തുക്കളും.

കുടുംബത്തിന്റെ പ്രതീക്ഷകളുമായി സഹോദരങ്ങള്‍ക്കൊപ്പമാണ് ശാസ്താംകോട്ട സ്വദേശിയായ ഷെമീര്‍ പ്രവാസജീവിതം തെരഞ്ഞെടുത്തത്. നിറചിരിയോടെ മാത്രം ഇടപെടുന്ന സൗമ്യനായ ഷെമീര്‍ മാത്രമാണ് സുഹൃത്തുക്കളുടെ മനസ്സില്‍. കെട്ടിട നിര്‍മാണ കരാറുകാരനായ പിതാവ് ഉമറുദീനൊപ്പം ഓയൂരില്‍ നിന്ന് ആനയടി വയ്യാങ്കരയിലേക്കു താമസം മാറിയ കുടുംബത്തില്‍ നിന്നു മക്കള്‍ ഓരോരുത്തരായി പ്രവാസത്തിലേക്കു തിരിഞ്ഞു.ഷെമീര്‍ കുവൈത്തിലും സഹോദരങ്ങളായ ഷൈജുവും ഷിജാദും സൗദിയിലും തൊഴിലിനായി എത്തി. കഴിഞ്ഞ 5 വര്‍ഷമായി കുവൈത്തില്‍ എന്‍ടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീര്‍ 2 വര്‍ഷം മുന്‍പ് പത്തനാപുരം സ്വദേശി സുറുമിയെ വിവാഹം ചെയ്തു. ഇളയ സഹോദരനായ മുഹമ്മദ് നിജാസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഷെമീറിന്റെ വിയോഗ വിവരം പിതാവിനെ മാത്രമാണ് അറിയിച്ചത്. ബാക്കിയുള്ളവരില്‍ നിന്നു വിവരങ്ങള്‍ മറയ്ക്കാന്‍ വീട്ടിലെ മൊബൈല്‍ ഫോണുകളും ടിവിയും ഓഫ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെയാണ് കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 49 പേരാണ് മരിച്ചത്. ഇതില്‍ 40 പേരും ഇന്ത്യക്കാരാണ്. മരിച്ചവരില്‍ 11 മലയാളികളും ഉള്‍പ്പെടുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം സ്വദേശികളാണ് മരിച്ചത്.

Leave a Reply