ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി. നടൻ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ശാലിനിയുടെ വെള്ളിത്തിരയിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകരും. കഴിഞ്ഞ ദിവസം മെഗാസ്റ്റാർ ചിരഞ്ജീവിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം ശാലിനി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.(Then and now; Shalini shared a picture with Chiranjeevi,)
ഹൈദരാബാദിൽ വച്ചായിരുന്നു ചിരഞ്ജീവിയുടേയും ശാലിനിയുടേയും കണ്ടുമുട്ടൽ. ജഗദേക വീരുഡു അതിലോക സുന്ദരി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നെടുത്ത ഒരു പഴയകാല ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്. ചിരഞ്ജീവിക്കും ശ്രീദേവിക്കുമൊപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചത്. സഹോദരി ശാമിലിയ്ക്കും സഹോദരൻ റിച്ചാർഡിനുമൊപ്പമാണ് ശാലിനി ചിരഞ്ജീവിയെ കാണാനെത്തിയത്.
നിരവധി പേരാണ് ശാലിനിയുടെ റീലിന് കമന്റുമായെത്തിയിരിക്കുന്നത്. എന്തൊരു ക്യൂട്ടാണ്, ശ്രീദേവിയെ മിസ് ചെയ്യുന്നു എന്നൊക്കെയാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ. ജഗദേക വീരുഡു അതിലോക സുന്ദരിയിൽ ചിരഞ്ജീവിയുടെ മകളായാണ് ശാലിനി അഭിനയിച്ചത്. അടുത്തിടെ അജിത്തിനൊപ്പമുള്ള ചിത്രം ചിരഞ്ജീവിയും പങ്കുവച്ചിരുന്നു.ഷൂട്ടിങ് സെറ്റിൽ അജിത് തന്നെ കാണാനെത്തിയതും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം വിശ്വംഭര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണിപ്പോൾ ചിരഞ്ജീവി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. അജിത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണവും ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.