തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 5.61 കോടി രൂപ. രണ്ടുകേസുകളിലായാണ് ഇത്രയുമധികം തുക നഷ്ടമായതെന്ന് കേരള പൊലീസ് അറിയിച്ചു.(‘Terrorism links to goods in parcel’; Online fraud in Thiruvananthapuram and Kochi,5.61 crore lost,alert!,)
താങ്കളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് വിളിക്കുന്ന കോളുകള്‍ തട്ടിപ്പ് ആണെന്നും കെണിയില്‍ വീഴരുതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. ‘നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരന്‍ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ CBI യിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാള്‍ സംസാരിക്കുന്നു. പാഴ്‌സലിനുള്ളില്‍ എംഡിഎംഎയും പാസ്‌പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് അയച്ചുതരുന്നു. ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോകോളില്‍ വന്നായിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക’-കേരള പൊലീസ് കുറിച്ചു.
‘ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവര്‍ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാന്‍ ആവശ്യപ്പെടുകയില്ല. അവര്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.’- കേരള പൊലീസ് ഓര്‍മ്മിപ്പിച്ചു.