മലയാളികളുടെ സ്വന്തം മിന്നൽ മുരളിയാണ് ടൊവിനോ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താല്പര്യമേറെയാണ്. കുടുംബത്തോടൊപ്പമുള്ള ഓരോ മനോഹര നിമിഷങ്ങളും ആരാധകർക്കായി ടൊവിനോയും പങ്കുവയ്ക്കാറുണ്ട്. ആഘോഷങ്ങളായാലും കുടുംബത്തിനൊപ്പമുള്ള യാത്രകളായാലുമൊക്കെ ടൊവിനോ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ തന്റെ മകൻ തഹാന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് താരം. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദ്യമായ ഒരു വീഡിയോയും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ തോളിലിരുന്ന് കവിളിൽ ഉമ്മ വയ്ക്കുകയും കെട്ടിപിടിക്കുകയുമൊക്കെ ചെയ്യുകയാണ് കുഞ്ഞ് തഹാൻ. ‘ഹാപ്പി ബർത്ത് ഡേ മിനി മീ’ എന്നാണ് ടൊവിനോ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
തഹാന് നാല് വയസ് ആയെന്നും ടൊവിനോ കുറിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് തഹാന് ആശംസകൾ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ്, സൗബിൻ ഷാഹിർ, ആന്റണി വർഗീസ്, റെബ ജോൺ, സിത്താര, ജൂഡ് ആന്റണി ജോസഫ്, ബേസിൽ ജോസഫ്, നമിത തുടങ്ങി നിരവധി താരങ്ങളാണ് തഹാന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. തഹാനൊപ്പമുള്ള മനോഹരമായ വീഡിയോകൾ ഇതിന് മുൻപും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ കുടുംബത്തിനൊപ്പം അവധിയാഘോഷങ്ങളിലായിരുന്നു ടൊവിനോ. വിയറ്റ്നാം, ഹിരോഷിമ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിരുന്നു. നടികർ ആണ് ടൊവിനോ നായകനായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.അജയന്റെ രണ്ടാം മോഷണം ആണ് ടൊവിനോയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തുക. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Home entertainment അച്ഛന് പൊന്നുമ്മ നൽകിയും കുറുമ്പ് കാണിച്ചും തഹാൻ; ജൂനിയർ ടൊവിനോയ്ക്ക് പിറന്നാൾ ആശംസകളുമായി താരങ്ങൾ