’25 വർഷം മുൻപ് ചെന്നൈയിലേക്ക് വെറും കൈയ്യോടെ വന്ന സൂരിയെ മറക്കില്ല, എല്ലാവരോടും നന്ദി’

0

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ സൂരി നായകനായെത്തിയ ഗരുഡന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയുകയാണ് നടൻ സൂരി. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ചിത്രം മെയ് 31 നാണ് തിയറ്ററുകളിലെത്തിയത്.

‘ഗരുഡൻ നിങ്ങളുടെ മുൻപിലെത്തിയിട്ട് ഒരാഴ്ചയായി. നിങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും മറക്കാനാകില്ല. ഗരുഡൻ ഇത്രയും വലിയ വിജയമാക്കിയ നിങ്ങൾക്ക് എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു. മുതിർന്നവർ മു‌തൽ കൊച്ചു കുട്ടികൾ വരെ ഈ സിനിമയേറ്റെടുത്തു.

എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയവർക്കും എന്റെ കൂടെ നിന്ന് പിന്തുണച്ച എല്ലാവർക്കും നന്ദി. വളരെ സന്തോഷമുണ്ട്. 25 വർഷം മുൻപ് ചെന്നൈയിലേക്ക് വെറും കൈയ്യോടെ വന്ന സൂരിയെ ഞാൻ മറക്കില്ല. ഇന്ന് ഞാനിവിടെ ഇരിക്കുന്നതും എനിക്ക് കിട്ടിയ അവസരങ്ങളുമെല്ലാം നിങ്ങൾ നൽകിയതാണ്. എല്ലാത്തിനും നന്ദി’യെന്നാണ് സൂരി വീഡിയോയിലൂടെ പറയുന്നത്.

ആക്ഷൻ ഡ്രാമയായാണ് ഗരുഡൻ പ്രേക്ഷകരിലേക്കെത്തിയത്. സൂരിയ്ക്ക് പുറമേ ശശികുമാർ, ഉണ്ണി മുകുന്ദൻ, ശിവദ, രേവതി ശർമ്മ, സമുദ്രക്കനി, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.വെട്രിമാരനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ആർതർ എ വിൽസൺ ആണ് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ 21 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.

Leave a Reply