‘സുരേഷ് ഭയങ്കര സോപ്പാണെന്ന് പറയുന്നവരുണ്ട്’: ചോദ്യവുമായി പാര്‍വതി: വൈറലായി 35 വര്‍ഷം മുന്‍പത്തെ ഇന്റര്‍വ്യൂ

0

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മിന്നും വിജയത്തോടെ വാര്‍ത്താ താരമായി നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുരേഷ് ഗോപിയുടെ ഒരു പഴയ വിഡിയോ ആണ്. നടി പാര്‍വതിയാണ് സുരേഷ് ഗോപിയെ ഇന്റര്‍വ്യൂ ചെയ്യുന്നത്. സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചുമെല്ലാം സുരേഷ് ഗോപി പറയുന്നുണ്ട്.

സുരേഷ് ഭയങ്കര സോപ്പാണെന്ന് സിനിമയിലുള്ളവര്‍ പറയുന്നുണ്ടല്ലോ എന്നായിരുന്നു പാര്‍വതിയുടെ ഒരു ചോദ്യം. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; ഈ പറയുന്നവര്‍ക്ക് തിരിച്ചടിയൊന്നുമാകില്ല, എന്റെ ഈ മറുപടി. ഇപ്പോ ഞാനെത്തിയ ഈ പൊസിഷന്‍ അതാണ് പ്രധാന പ്രശ്‌നം. ഒരു സോപ്പ് ആയാലൊന്നും ഈ സ്ഥാനത്ത് എത്താന്‍ പറ്റില്ല, സോപ്പ് മാത്രം സഹായിക്കില്ല. അങ്ങനാണെങ്കില്‍ സോപ്പും പതച്ച് വീട്ടിലിരുന്നാല്‍ പോരേ- സുരേഷ് ഗോപി പറഞ്ഞു.

സിനിമയില്‍ പാരകള്‍ വളരെ അധികമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ പാര ഇല്ലെന്ന് ആര് പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുതരില്ല. അത് ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ഞാനാണ്. പാര്‍വതിക്കും അത് അറിയാമല്ലോ. നടിമാരില്‍ ഏറ്റവും കൂടുതല്‍ പാര കിട്ടുന്നത് പാര്‍വതിക്കാണെന്ന് എനിക്ക് അറിയാം. പാരകള്‍ അധിക കാലം നിലനില്‍ക്കാനാവില്ല. ആര് എപ്പോഴാണ് എനിക്ക് പാരവെച്ചത് എന്നെല്ലാം എനിക്ക് കൃത്യമായി അറിയാം.- താരം വ്യക്തമാക്കി.
സിനിമയായിരിക്കും തന്റെ പ്രൊഫഷനാകുമെന്ന ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഓടയില്‍ നിന്ന് എന്ന സിനിമയിലാണ് ഞാന്‍ ബാലതാരമായി എത്തുന്നത്. അത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ആ കഥാപാത്രം ചെയ്യാനിരുന്ന കുട്ടി വരാതിരുന്നതിനാലാണ് എന്നെ പരിഗണിച്ചത്. സ്‌കൂളില്‍ വന്നാണ് എന്നെ വിളിച്ചുകൊണ്ട് പോയത്. രാവിലെ സ്‌കൂളില്‍ പോയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഒരു നടനാകാന്‍ പോവുകയാണ് എന്ന്.- സുരേഷ് ഗോപി പറഞ്ഞു.

സിനിമാ നടനാകണം എന്ന് ആഗ്രഹം ഉണ്ടായതോടെ അലച്ചില്‍ തുടങ്ങി. നവോദയില്‍ നിന്നാണ് തുടങ്ങിയത്. നവോദയ അപ്പച്ചന്‍ സാറിനേയും മക്കളേയുമെല്ലാം നിരന്തരം കാണുമായിരുന്നു. അങ്ങനെയാണ് ഫാസിലുമായി പരിചയത്തിലാവുന്നത്. ഒരു സിനിമയിലേക്ക് എന്നെ പരിഗണിച്ചെങ്കിലും അത് നടന്നില്ല. എംഎ കഴിഞ്ഞപ്പോള്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് അച്ഛന്‍ എന്നെ മദ്രാസില്‍ കൊണ്ടാക്കിയപ്പോഴാണ് ബാലാജി എന്നെ കാണുന്നത്. അദ്ദേഹം നിര്‍മിച്ച നിരപരാധി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. അത് അവിടെ നിന്നു. പിന്നെ നവോദയ അപ്പച്ചന്റെ കടാക്ഷം വേണ്ടി വന്നു വീണ്ടും ഒരു അഭിനേതാവാകാന്‍. അപ്പച്ചന്‍ സാറിന്റെ മകന്‍ ജോസുകുട്ടി എന്നെ വിളിച്ചുവരുത്തി ‘ഒന്നുമുതല്‍ പൂജ്യം വരെ’ എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നു. ‘ഒന്നുമുതല്‍ പൂജ്യം വരെ’ എന്ന സിനിമയില്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ‘രാജാവിന്റെ മകനി’ല്‍ വന്നത്.- സുരേഷ് ഗോപി പറഞ്ഞു.

Leave a Reply