റോഡ് സുരക്ഷാ പ്രചാരണം വന്‍വിജയം; ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്- ഹീറോ മോട്ടോര്‍കോര്‍പ് റോഡ് സുരക്ഷാ പ്രചാരണത്തിന് സമാപനം

0

കൊച്ചി: റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച റോഡ് സുരക്ഷാ പ്രചാരണം വന്‍ വിജയം.(Road safety campaign a huge success; The New Indian Express- Hero Motorcorp concludes road safety campaign,)

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച് രണ്ടുദിവസമായി എറണാകുളം ജില്ലയില്‍ നടന്ന പ്രചാരണത്തിന് വലിയ സ്വീകാര്യത ലഭിച്ചെന്ന വിലയിരുത്തലോടെ ബുധനാഴ്ച സമാപനം കുറിച്ചു. ഇന്നലെ കളമശ്ശേരി സെന്റ് ജോസഫ്‌സ് കോളജിലെ സോഷ്യല്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍, കളമശ്ശേരിയിലെ എസ്സിഎംഎസ് കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും, ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ (വെസ്റ്റ്) പൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി ജീവനക്കാര്‍ എന്നിവര്‍ക്കായി 300ലധികം ഹെല്‍മറ്റുകള്‍ വിതരണം ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജ്യവ്യാപകമായി നടത്തിയ കാമ്പെയ്നിന്റെ ഭാഗമായാണ് കൊച്ചി മേഖലയിലും റോഡ് സുരക്ഷാ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ 7.30ന് സെന്റ് ജോസഫ്‌സ് കോളജ് കാമ്പസിലാണ് പ്രചാരണം ആരംഭിച്ചത്. കോളജിലെ സോഷ്യല്‍ ഹെല്‍ത്ത് ക്ലബ്ബില്‍ നടന്ന പരിപാടി സോഷ്യല്‍ ഹെല്‍ത്ത് ക്ലബ്ബ് ഡയറക്ടര്‍ ഫാ.കുരുവിള മരോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സെന്റ് ജോസഫ് പള്ളിയുടെ ചുമതലയുള്ള ഫാ.തോമസ് പെരേപ്പാടന്‍, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സോഷ്യല്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ക്ക് അന്‍പതോളം ഹെല്‍മറ്റുകളും ടീ ഷര്‍ട്ടുകളും വിതരണം ചെയ്തു. റോഡ് റാലി ഫാ.മരോട്ടിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

കളമശ്ശേരി എസ്സിഎംഎസില്‍ നടന്ന അടുത്ത പരിപാടി എസ്സിഎംഎസ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍ ജി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതീക് നായര്‍, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പി വി പ്രവീണ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഹെല്‍മറ്റ് നല്‍കി. പ്രിന്‍സിപ്പല്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

പ്രചാരണത്തിന്റെ അടുത്ത ഘട്ടം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് (ഈസ്റ്റ്) ഓഫീസില്‍ നടന്നു. ഇവിടെ നടന്ന റാലി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഷീന്‍ തറയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഇടപ്പള്ളി ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് പിടികൂടിയ വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് വിതരണം ചെയ്തു. ‘your safety our priority’ എന്ന ടാഗ് ലൈനിലുള്ള റൈഡ് സേഫ് കാമ്പെയ്‌നിന്റെ ഭാഗമായി കാക്കനാട് ഇന്‍ഫോപാര്‍ക്കിലുള്ള ടെക്കികള്‍ക്കും ഹെല്‍മറ്റ് വിതരണം ചെയ്തു.ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനൂപ് വര്‍ക്കി ഉദ്ഘാടനം ചെയ്യുകയും ടെക്കികള്‍ക്ക് അറുപതിലധികം ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇന്‍ഫോപാര്‍ക്കില്‍ നടന്ന പരിപാടിക്ക് പ്രോഗ്രസീവ് ടെക്കീസ് എന്ന വെല്‍ഫെയര്‍ ഗ്രൂപ്പാണ് നേതൃത്വം നല്‍കിയത്. കൊച്ചി സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ (വെസ്റ്റ്) നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസ്സാം എസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യുകയും പൊലീസുകാര്‍ക്ക് 14 ഹെല്‍മറ്റുകള്‍ കൈമാറുകയും ചെയ്തു.

ഹൈക്കോടതിയിലാണ് ദ്വിദിന പ്രചാരണം അവസാനിച്ചത്. ഹൈക്കോടതി ജീവനക്കാരുടെ ഇരുചക്രവാഹന റാലി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹൈക്കോടതി ജീവനക്കാര്‍ക്ക് അറുപതോളം ഹെല്‍മറ്റുകളാണ് വിതരണം ചെയ്തത്.

Leave a Reply