ന്യൂഡല്‍ഹി: വയനാട് സീറ്റ് ഒഴിയുന്നതായി വ്യക്തമാക്കി രാഹുല്‍ഗാന്ധി കത്തു നല്‍കി. ലോക്‌സഭ സ്പീക്കറുടെ ഓഫീസിലാണ് ഇതുസംബന്ധിച്ച കത്തു നല്‍കിയത്. റായ്ബറേലി നിലനിര്‍ത്തുന്നുവെന്നും വയനാട് സീറ്റ് ഒഴിയുകയാണെന്നുമാണ് രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. വയനാട്ടില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഐയുടെ ആനി രാജയെ പരാജയപ്പെടുത്തിയത്.വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. വളരെ നല്ല തീരുമാനമാണ്. പ്രിയങ്ക വന്‍ മാര്‍ജിനില്‍ വിജയിക്കും. പ്രിയങ്ക ഗാന്ധി കൂടി പാര്‍ലമെന്റിലെത്തുന്നത് ഇന്ത്യാ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.