ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) നിര്‍ദേശം. ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍ നമ്പര്‍ മൂല്യമുള്ള പൊതു വിഭവമാണെന്ന് നിരീക്ഷിച്ചാണ് ട്രായിയുടെ നീക്കം.
5ജി നെറ്റ്വര്‍ക്കുകള്‍, മെഷീന്‍-ടു-മെഷീന്‍ കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപകമായ സ്വീകാര്യത ഉള്‍പ്പെടെ ആശയവിനിമയ സാങ്കേതികവിദ്യകളിലെ പുരോഗതിയില്‍ സമഗ്രമായ അവലോകനം ആവശ്യമാണ്. ഈ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്നും ട്രായ് പറഞ്ഞു.അതേസമയം ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്പറുകള്‍ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്. നിരവധി രാജ്യങ്ങള്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നോ വരിക്കാരില്‍ നിന്നോ ടെലിഫോണ്‍ നമ്പറുകള്‍ക്ക് ഫീസ് ഈടാക്കുന്നയായും ട്രായ് പറഞ്ഞു.
ഓസ്ട്രേലിയ, സിംഗപ്പൂര്‍, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോങ്, ബള്‍ഗേറിയ, കുവൈത്ത്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ നമ്പറുകള്‍ക്ക് പണമീടാക്കുന്നതായും ട്രായ് ചൂണ്ടികാട്ടി.