അവയവക്കടത്ത് പ്രതികള്‍ക്ക് കൊറിയന്‍ സംഘവുമായി ബന്ധം; കോടികളുടെ അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തി: വെളിപ്പെടുത്തല്‍

0

കൊച്ചി: അവയവക്കടത്തു കേസിലെ പ്രധാന പ്രതികള്‍ക്ക് കൊറിയയിലെ അവയവക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും പ്രവര്‍ത്തിക്കുന്ന സമാന ഗ്രൂപ്പുകളുമായി പ്രധാന പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മേധാവി വൈഭവ് സക്സേന ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അവിടെ അവയവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കടത്തല്‍ എളുപ്പമായതും പ്രതികളെ ആകര്‍ഷിക്കുന്നു.

ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ് എന്ന പ്രതാപന്‍ ആണ് ഇറാന്‍ ആസ്ഥാനമായുള്ള അവയവ വ്യാപാര റാക്കറ്റിന്റെ മുഖ്യ കണ്ണി. ഇയാളാണ് അന്താരാഷ്ട്ര ഇടപാടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഈ അന്താരാഷ്ട്ര ബന്ധങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുള്ള ദാതാക്കളില്‍ ചിലരെ പ്രതാപന്‍ കൊറിയന്‍ റാക്കറ്റുകളുമായി ബന്ധിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.അവയവക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതാപന്‍, സബിത്ത് നാസര്‍, സജിത്ത് ശ്യാം എന്നിവര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ കൂടി പ്രത്യേക അന്വേഷണ സംഘം ചുമത്തി. മുഖ്യപ്രതികളിലൊരാളായ കൊച്ചി സ്വദേശി മധുവിനെതിരെയും ഈ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അവയവ റാക്കറ്റിന്റെ ഇരയായ തിരുനെല്ലായി സ്വദേശി ഷമീറിനെ കേസില്‍ മാപ്പുസാക്ഷി ആക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസിലെ മുഖ്യപ്രതി മധുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ എസ്പിയും പ്രത്യേക അന്വേഷണ സംഘം മേധാവിയുമായ വൈഭവ് സക്സേന പറഞ്ഞു. ”അയാള്‍ ഞങ്ങളുടെ റഡാറിലാണ്, ഉടന്‍ തന്നെ പിടികൂടും. കേസില്‍ പിടികിട്ടാനുള്ളത് അയാള്‍ മാത്രമാണ്. അന്വേഷണത്തില്‍ കൂടുതല്‍ റാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ അവര്‍ക്ക് കേരള ലിങ്കുകളില്ല” എന്നും വൈഭവ് സക്‌സേന ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കേസില്‍ എല്ലാ തെളിവുകളും ശേഖരിക്കുകയാണ്. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വൈഭവ് സക്‌സേന വ്യക്തമാക്കി.

ഏപ്രില്‍ 19 ന് പ്രതാപനുമായുള്ള ഓണ്‍ലൈന്‍ മീറ്റിംഗിലാണ് തന്റെ വൃക്ക നല്‍കാന്‍ തീരുമാനിച്ചതെന്ന് ഷമീര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി അന്വേഷണ സംഘത്തലവന്‍ വൈഭവ് സക്‌സേന പറഞ്ഞു. ഏപ്രില്‍ 23ന് സാബിത്തിനൊപ്പം ഷമീര്‍ ഇറാനിലേക്ക് പോയി. തായ്ലന്‍ഡ്, മസ്‌കറ്റ് വഴിയാണ് ഇവര്‍ പോയത്. മെയ് മൂന്നിന് ശസ്ത്രക്രിയ നടത്തി രണ്ട് ദിവസത്തിന് ശേഷം ഷമീറിനെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഷമീര്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയതെന്നും എസ്‌ഐടി മേധാവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here