Sunday, March 16, 2025

ഓം ബിര്‍ല എന്‍ഡിഎ സ്ഥാനാര്‍ത്ഥി, വീണ്ടും സ്പീക്കറാകും

ന്യൂഡല്‍ഹി: ബിജെപിയുടെ ഓം ബിര്‍ല ലോക്‌സഭ സ്പീക്കറാകും. ബിര്‍ലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ബിജെപി എന്‍ഡിഎ സഖ്യകക്ഷികളെ അറിയിച്ചു. ബിര്‍ല ഉച്ചയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് ഓം ബിര്‍ല. കഴിഞ്ഞ തവണയും ലോക്‌സഭ നിയന്ത്രിച്ചത് ഓം ബിര്‍ലയാണ്.

ലോക്‌സഭ സ്പീക്കറെ സമവായത്തിലൂടെ തെരഞ്ഞെടുക്കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുകയാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നാളിതുവരെ തുടര്‍ന്നു വന്നിട്ടുള്ള കീഴ് വഴക്കം. അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യം മുന്നോട്ടു വെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ 17-ാം ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷമായ കോണ്‍ഗ്രസിന് നല്‍കാതെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 2014 ല്‍ ബിജെപി സഖ്യകക്ഷിയായിരുന്ന എഐഎഡിഎംകെയിലെ എം തമ്പിദുരൈ ആണ് ഡെപ്യൂട്ടി സ്പീക്കറായത്. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്, സ്പീക്കര്‍ പദവിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ വീണ്ടും ലോക്‌സഭയിലേക്ക് വിജയിക്കപ്പെടുന്നത്. 61 കാരനായ ഓം ബിര്‍ല ഇതു മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News