നെറ്റ് പരീക്ഷയ്ക്കെതിരെ ഒരു പരാതി പോലും ഇല്ല, റദ്ദാക്കിയത് വിദ്യാര്‍ഥി താത്പര്യം സംരക്ഷിക്കാന്‍: വിദ്യാഭ്യാസ മന്ത്രാലയം

0

ന്യൂഡല്‍ഹി: പരീക്ഷാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സ്വമേധയാ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സ്വമേധയാ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു.

തത്കാലം പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ പറഞ്ഞു. ‘ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു ‘പരാതികളൊന്നും ലഭിച്ചിട്ടില്ല, എന്നാല്‍ ഏജന്‍സികളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ഇന്‍പുട്ടുകള്‍ പരീക്ഷയുടെ വിശ്വാസ്യതയില്‍ വിട്ടുവീഴ്ച ചെയ്തതായി സൂചിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വമേധയായാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്’- ഗോവിന്ദ് ജയ്‌സ്വാള്‍ പറഞ്ഞു.പരീക്ഷയുടെ പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന് കീഴിലെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കേന്ദ്രത്തിന് കൈമാറിയത് എന്നാണ് വിവരം. ഇവ വിലയിരുത്തിയാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply