ഒരേ വിമാനത്തില്‍ നിതീഷ് കുമാറും തേജസ്വിയും ഡല്‍ഹിക്ക്; തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

0

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. 543 അംഗ ലോക്‌സഭയില്‍ എന്‍ഡിഎ 294 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട 272 എന്ന മാന്ത്രിക സംഖ്യയെക്കാള്‍ 22 അധികം സീറ്റുകള്‍. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണി നേടിയത് 234 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടതിനെക്കാള്‍ 38 സീറ്റുകളുടെ കുറവ്.

ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കാന്‍ എന്‍ഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ടിഡിപിക്ക് 16 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമൊപ്പം മറ്റുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കുന്നതോടെ സര്‍ക്കാര്‍ രുപീകരിക്കാനാകുമെന്നാണ് ഇന്ത്യാ സഖ്യം കണക്കുകൂട്ടുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് വ്യത്യസ്ത സഖ്യത്തില്‍പ്പെട്ട നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സുപ്രധാനഘട്ടങ്ങളില്‍ മുന്നണി മാറ്റം ശീലമാക്കിയ നിതീഷ് കുമാര്‍ തിരിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകുമെന്നും കരുതുന്നവര്‍ ഏറെ.അതേസമയം, തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി തുടരുമെന്ന് ജെഡിയു നേതാവായ കെസി ത്യാഗി അഭിപ്രായപ്പെട്ടു. ഇന്ത്യാസഖ്യത്തിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. എന്‍ഡിഎയ്‌ക്കൊപ്പം തുടരാന്‍ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി ഉള്‍പ്പടെ കേന്ദ്രമന്ത്രിസഭയില്‍ പ്രധാനവകുപ്പുകളും ടിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ രണ്ട് നേതാക്കളും മുന്‍പ് പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയവരാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കയിതും നിതീഷ് കുമാറായിരുന്നു. എന്നാല്‍ അവസാനനിമിഷം മറുകണ്ടം ചാടുകയായിരുന്നു.

Leave a Reply