ഒരിക്കലും തീരാത്ത ആവേശം; ടി20 ലോകകപ്പിലെ 4 ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടങ്ങള്‍

0

ന്യൂയോര്‍ക്ക്: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ എല്ലാ കാലത്തും ആരാധകരെ സംബന്ധിച്ച് ഹൈ വോള്‍ട്ടേജ് അനുഭവമാണ്. ലോകകപ്പിലെ ബ്ലോക്ക് ബസ്റ്ററിനു കരുത്തു കൂടും. ടി20 ലോകകപ്പിലെ നാല് ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടങ്ങള്‍ ഇവയാണ്.(never-ending excitement; 4 India-Pak Super Matches in T20 World Cup,)

2007: ടി20 ലോകകപ്പ്, ഗ്രൂപ്പ് പോരാട്ടം

നാടകീയമായി ടൈ കെട്ടിയാണ് പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് ആദ്യ പോരാട്ടം അരങ്ങേറിയത്. ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തേയും അവസാനത്തേയും ബോള്‍ ഔട്ട് പോരാട്ടവും ഇതു തന്നെ. ഐസിസി ഈ നിയമം മാറ്റിയാണ് സൂപ്പര്‍ ഓവര്‍ കൊണ്ടു വന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ ഒതുക്കാന്‍ പാകിസ്ഥാനു സാധിച്ചു. പാക് മറുപടിയും ഇതേ സ്‌കോറില്‍ അവസാനിച്ചതോടെ മത്സരം ബോള്‍ ഔട്ടിലേക്ക് നീങ്ങി. സ്‌പെഷലിസ്റ്റ് ബൗളര്‍മാരെ മാറ്റി പന്തെറിയാന്‍ വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ എന്നിവരേയും ഒപ്പം ഹര്‍ഭജന്‍ സിങിനേയും ഇറക്കി ധോനി നടത്തിയ തന്ത്രം ക്ലിക്കായി. മൂന്ന് പേരും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാകിസ്ഥാന്റെ ബൗളര്‍മാര്‍ക്ക് അതിനു സാധിച്ചില്ല. ജയം ഇന്ത്യയ്‌ക്കൊപ്പം.

2007: ടി20 ലോകകപ്പ്, ഫൈനല്‍

പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ നേടിയത് പാകിസ്ഥാനെ വീഴ്ത്തിയാണ്. അന്ന് പാകിസ്ഥാന് ജയിക്കാന്‍ 158 റണ്‍സ് വേണമായിരുന്നു. മിസ്ബ ഉള്‍ ഹഖിന്റെ പോരാട്ടം വിഫലമായി. ജയിക്കാന്‍ 13 റണ്‍സായിരുന്നു അവസാന ഓവറില്‍ അവര്‍ക്ക് വേണ്ടിയിരുന്നത്. പന്തെറിഞ്ഞ ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ സ്‌കൂപ്പ് ഷോട്ട് കളിക്കാനുള്ള മിസ്ബ ഉള്‍ ഹഖിന്റെ ശ്രമം മലയാളി താരം എസ് ശ്രീശാന്തിന്റെ കൈയില്‍ അവസാനിച്ചു. അഞ്ച് റണ്‍സിന്റെ നടകീയ വിജയം സ്വന്തമാക്കി ഇന്ത്യ ടി20 ലോകകപ്പിന്റെ കന്നി കിരീടത്തില്‍ മുത്തമിട്ടു.

2021: ടി20 ലോകകപ്പ്, ഗ്രൂപ്പ് മത്സരം

ഏകദിന, ടി20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തിയ പോരാട്ടം. മത്സരത്തിനിറങ്ങുമ്പോള്‍ സാധ്യത ഇന്ത്യക്കായിരുന്നു പ്രവചനം. എന്നാല്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ 31 റണ്‍സിനു 3 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനം നിര്‍ണായകമായി. ഒന്നാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ രോഹിതിനെ പുറത്താക്കി ഇന്ത്യയെ ഷഹീന്‍ ഞെട്ടിച്ചു. ഇന്ത്യക്കായി 57 റണ്‍സെടുത്തു വിരാട് കോഹ്‌ലി ഇന്ത്യക്കായി ചെറുത്തു നില്‍പ്പ് നടത്തി. എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (68), മുഹമ്മദ് റിസ്വാന്‍ (79) എന്നിവരുടെ മികവില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കി.

2022: ടി20 ലോകകപ്പ്, ഗ്രൂപ്പ് മത്സരം

മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍. തൊട്ടു മുന്‍പത്തെ ലോകകപ്പിലെ തോല്‍വിക്കു 2022ല്‍ ഇന്ത്യ മറുപടി പറഞ്ഞു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യം ഇന്ത്യ കോഹ്‌ലിയുടെ കരുത്തില്‍ സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ 31 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പരുങ്ങിയിരുന്നു.

എന്നാല്‍ 53 പന്തില്‍ 82 റണ്‍സുമായി കോഹ്‌ലി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് 113 റണ്‍സും താരം പടുത്തുയര്‍ത്തി. നാല് വിക്കറ്റ് ജയം ഇന്ത്യ അവസാന പന്തില്‍ നേടി.

Leave a Reply