എന്‍ഡിഎ അംഗബലം 293 ആയി ഉയര്‍ന്നു; പിന്തുണച്ച് എസ്‌കെഎം

0

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണച്ച് സിക്കിം ക്രാന്തികാരി മോര്‍ച്ച. സിക്കിമില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ എസ്‌കെഎം ദേശീയ തലത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനും സിക്കിം മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് ആണ് ഇക്കാര്യം അറിയിച്ചത്.ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ എസ്‌കെഎം പ്രതിനിധിയായി ഇന്ദ്ര ഹാങ് സുബ്ബ പങ്കെടുത്തിരുന്നു. എസ്‌കെഎം കൂടി പിന്തുണച്ചതോടെ എന്‍ഡിഎയുടെ അംഗബലം 293 ആയി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രേംസിങ് തമാങ് എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിക്കിമിലെ ഏക സീറ്റില്‍ നിന്നും എസ്‌കെഎം സ്ഥാനാര്‍ത്ഥി ഇന്ദ്ര ഹാങ് സുബ്ബ വിജയിച്ചിരുന്നു. സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയുടെ ഭാരത് ബാസ്‌നെറ്റിനെ 80,830 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദ്ര ഹാങ് സുബ്ബ തോല്‍പ്പിച്ചത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Leave a Reply