ബംഗളൂരു: സ്പിന്‍ ഇതിഹാസമായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. കര്‍ണാടകയില്‍ ശീതള പാനീയ, മധുര പലഹാര നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനാണ് മുരളീധരന്‍ നിക്ഷേപം നടത്തുന്നത്. ശ്രീലങ്കയില്‍ മുരളീധരന്റെ പേരിലുള്ള മുത്തയ്യ ബിവറേജസ് ആന്റ് കോണ്‍ഫെക്ഷനറീസ് എന്ന സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാനാണ് തീരുമാനം.
കര്‍ണാടകയിലെ ചാമരാജനഗര ജില്ലയിലെ ബദനകുപ്പെ എന്ന സ്ഥലത്ത് ശീതള പാനീയ, മധുര പലഹാര നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനാണ് പദ്ധതി. 2025 ജനുവരിയോടെ സ്ഥാപനം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം.നിലവില്‍ ശ്രീലങ്കയില്‍ ശീതള പാനീയ ബിസിനസാണ് മുത്തയ്യ നടത്തുന്നത്.കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ആണ് മുരളീധരന്റെ പദ്ധതി പ്രഖ്യാപിച്ചത്. വിവിധ ഘട്ടങ്ങളിലായി 1400 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം വന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് താരത്തിന്റെ പേരിലാണ്.