മുരളീധരന്‍ മുഖ്യധാരയില്‍ തുടരണം; സുധാകരന്‍ ഇന്ന് നേരിട്ടെത്തി കാണും

0

കോഴിക്കോട്: കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മുരളീധരന്റെ കോഴിക്കോടെ വസതിയിലെത്തിയാണ് കാണുക.

തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ താന്‍ പൊതുരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് നേരിട്ട് എത്തി മുരളീധരനെ കാണുന്നത്. വൈകീട്ടായിരിക്കും കൂടിക്കാഴ്ച.

രണ്ടുദിവസമായി കോഴിക്കോട്ടെ വീട്ടിലാണ് മുരളീധരന്‍ ഉള്ളത്. മാധ്യമങ്ങളോടോ കോണ്‍ഗ്രസ് നേതാക്കളോടോ ഫോണില്‍പോലും സംസാരിക്കാന്‍ പോലും മുരളീധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ മുഖ്യധാരയില്‍ തന്നെ തുടരണമെന്ന നേതൃത്വം ആവശ്യപ്പെടും. മുരളീധരന്റെ പരാതി കൂടികേട്ട ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. മുരളീധരന്റെ സേവനം പാര്‍ട്ടിക്കും മുന്നണിക്കും ആവശ്യമുണ്ടെന്നും മുരളീധരന് ഉന്നത പദവി നല്‍കണമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. അതിനെക്കാള്‍ 86959 കുറവ് വോട്ടാണ് മുരളിക്ക് ലഭിച്ചത്.

Leave a Reply