ഒട്ടേറെപ്പേര്‍ ബലിദാനികളായി, തലമുറകള്‍ പ്രയത്‌നിച്ചു; ആദ്യമായി ബിജെപി അംഗം പാര്‍ലമെന്റിലെത്തി; കേരളം എടുത്തുപറഞ്ഞ് മോദി

0

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബിജെപി വരാതിരിക്കാന്‍ രണ്ടു മുന്നികളും പരമാവധി ശ്രമിച്ചിട്ടും അവിടെ നിന്ന് ആദ്യമായി ബിജെപി പ്രതിനിധി ജയിച്ചുവന്നു. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേര്‍ ബലിദാനികളായി. തലമുറകളുടെ പ്രയത്‌നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി പറഞ്ഞു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചതുപോലെ ജമ്മു കശ്മീരില്‍ പോലും പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു.ദക്ഷിണേന്ത്യയിലും കരുത്ത് കാട്ടാന്‍ ബിജെപിക്ക് കഴിഞ്ഞു. കര്‍ണാടകയിലെയും തെലങ്കാനയിലെയും തിരിച്ചടി മറികടക്കാനായെന്നും തമിഴ്‌നാട്ടില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വന്‍തോതില്‍ വോട്ട് വര്‍ധിച്ചെന്നും മോദി പറഞ്ഞു.

Leave a Reply