കുവൈത്ത് തീപിടിത്തം; പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം, നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍

0

ന്യൂഡല്‍ഹി: കുവൈത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

അപകടത്തില്‍ ഉള്‍പ്പെട്ട മലയാളികളുടെ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 18004253939 എന്ന നമ്പറിലാണ് നോര്‍ക്ക ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക.അപകടത്തെ തുടര്‍ന്ന് തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അപകടത്തില്‍ കുവൈത്തിലുള്ള ബംഗാള്‍ സ്വദേശികളുടെ വിവരങ്ങള്‍ തേടാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ദുരന്തത്തില്‍ മമത ബാനര്‍ജി അനുശോചനം അറിയിച്ചു.

Leave a Reply