Tuesday, March 25, 2025

‘മുരളീധരന് തോല്‍വി പുത്തരിയാണോ?; ഉജ്ജ്വല വിജയത്തിന്റെ ശോഭ കളയാന്‍ സംഘടിത ശ്രമം’

കൊച്ചി: കേരളത്തിലെ യുഡിഎഫിന്റെ ഉജ്ജ്വലവിജയത്തിന്റെ ശോഭ കളയാനാണ് ഒരു കൂട്ടം മാധ്യമങ്ങള്‍ കെ മുരളീധരന്റെ തോല്‍വി ഉയര്‍ത്തിക്കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് ഒരു സംഘടിതമായ അജണ്ടയാണെന്നും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

മുരളീധരന്‍ കോണ്‍ഗ്രസിന്റെ പ്രധാനനേതാവാണ്. അദ്ദേഹവുമായി മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ കുറച്ച് മാധ്യമങ്ങള്‍ കുത്തിത്തിരുപ്പുമായി വന്നിരിക്കുകയാണ്. പതിനെട്ട് സീറ്റില്‍ യുഡിഎഫ് നേടിയ ഉജ്ജ്വലവിജയത്തിന്റെ ശോഭ കളയാന്‍ വേണ്ടി അവര്‍ രാവിലെ മുതല്‍ ഇറങ്ങിയിരിക്കുകയാണ്.അത് സംഘടിതമായ അജണ്ടയാണ്. ആ കെണിയില്‍ താന്‍ വീഴില്ല. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും സതീശന്‍ പറഞ്ഞു.സംസ്ഥാനത്ത് പത്തുപേരാണ് ഒരുലക്ഷത്തിലധികം വോട്ടിന് ജയിച്ചത്. അതില്‍ നാലുപേര്‍ രണ്ടുലക്ഷത്തിലധികവും രണ്ട് പേര്‍ മൂന്ന് ലക്ഷത്തിലധികവുമാണ് നേടിയത്. തോല്‍വിയെന്നത് കെ മുരളീധരന് പുത്തരിയാണോ?. തങ്ങള്‍ എല്ലാവരും തോറ്റിട്ടില്ലേയെന്നും സതീശന്‍ ചോദിച്ചു. എല്ലാവരുടെയും അനുവാദത്തോടെയാണ് അദ്ദേഹത്തെ തൃശൂരില്‍ മത്സരിപ്പിച്ചത്. ആലത്തൂരും സിറ്റിങ് എംപിയാണ് പരാജയപ്പെട്ടത്. രണ്ടിടത്തെയും തോല്‍വി പാര്‍ട്ടി പരിശോധിക്കും. മുന്‍കൂട്ടി കുറ്റക്കാരെ കണ്ടെത്തിയ പോലെ അന്വേഷണ കമ്മീഷനെ വയ്ക്കണമെന്ന് താന്‍ പറഞ്ഞാല്‍ അത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. തൃശൂരില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ബിജെപിക്ക് വോട്ടുപോയത്. നേരത്തെ തന്നെ തൃശൂരില്‍ സിപിഎം – ബിജെപി ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

Latest News

അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.  ഓപ്പറേഷനിൽ...

More News