‘രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിച്ചു’; വിവാദ സ്‌കിറ്റില്‍ ബോംബെ ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ

0

മുംബൈ: ബോംബെ ഐഐടിയിലെ എട്ടു വിദ്യാര്‍ഥികള്‍ക്ക് 1.2ലക്ഷം രൂപ വരെ പിഴ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കലോത്സവത്തില്‍ രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്‌കിറ്റ് ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിക്കുന്ന തരത്തിലാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(‘Insulted Rama and Hindu culture’; IIT Bombay students fined Rs 1.2 lakh each for controversial skit,)

രാഹോവന്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ നടത്തിയ പരിപാടിയാണ് വിവാദമായത്. ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു വിഭാഗം വിദ്യാര്‍ഥികളും പരിപാടിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ തുക വരെയാണ് പിഴയായി ചുമത്തിയത്. പരിപാടിയില്‍ സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ആണ് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ജൂനിയര്‍ വിദ്യാര്‍ഥികളോട് 40,000 രൂപ വീതം പിഴ ഒടുക്കാന്‍ നിര്‍ദേശിച്ചു. കൂടാതെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറയുന്നു. പരാതികളെത്തുടര്‍ന്ന് അച്ചടക്ക കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിച്ചത്.

മാര്‍ച്ച് 31നാണ് സ്‌കിറ്റ് സ്റ്റേജില്‍ അവതരിപ്പിച്ചത്. രാഹോവന്‍’ നായക കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചതായാണ് പ്രധാന ആരോപണം. സ്‌കിറ്റ് ഹിന്ദു സംസ്‌കാരത്തെയും മതവികാരത്തെയും പരിഹസിക്കുന്നതാണെന്നും പരാതികളില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാപനം അച്ചടക്ക സമിതി രൂപീകരിച്ചത്. ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് സ്‌കിറ്റെന്നും എല്ലാവരില്‍ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതായും മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ വാദിച്ചു.

Leave a Reply