‘വർഷങ്ങൾക്ക് ശേഷത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ആവേശം, അന്ന് അങ്ങനെ പറഞ്ഞത് തമാശയ്ക്ക്’; ധ്യാൻ

0

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും അഭിനയിച്ച വർഷങ്ങൾക്കു ശേഷം തിയറ്ററിലെത്തിയത് ഫഹദിന്റെ ആവേശത്തിനൊപ്പമായിരുന്നു. ബോക്സ് ഓഫിസിൽ ആവേശം വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരു ചിത്രങ്ങളും റിലീസ് ചെയ്തതിനു പിന്നാലെ ആവേശത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. സെക്കൻഡ് ഹാഫിൽ ആവേശത്തിന് ലാഗുണ്ടെന്നാണ് ധ്യാൻ പറഞ്ഞത്.

‘വർഷങ്ങൾക്കു ശേഷം’ സിനിമയേക്കാൾ തനിക്കിഷ്ടപ്പെട്ടത് ‘ആവേശ’മാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ. ആവേശം ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് രാത്രിയിൽ പോയി തമാശയ്ക്ക് അങ്ങനെ പ്രതികരണം നടത്തിയത്. വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രശ്നങ്ങൾ തനിക്കറിയാമെന്നും താൻ അഭിനയിച്ച സിനിമയെ താഴ്ത്തിക്കെട്ടാതിരിക്കാൻ പറ്റില്ലല്ലോ എന്നും ധ്യാൻ പറഞ്ഞു. ‘പാർട്ണേഴ്സ്’ എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.ആവേശം സിനിമ ഇറങ്ങുന്നതിനു മുന്നേ നമുക്ക് അറിയാം, ആ സിനിമ എങ്ങനെ വരുമെന്നുള്ളത്. ഈ സിനിമ എത്രത്തോളം നല്ലതാണെന്നുള്ളതിന്റെ വാർത്തകളും നേരത്തെ കിട്ടും. ഞാനങ്ങനെ പറഞ്ഞുകൊണ്ട് ആ സിനിമയ്ക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് ഞാൻ രാത്രിയിൽ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്. അതിനു മുന്നേ തന്നെ വർഷങ്ങൾക്കു ശേഷത്തേക്കാൾ മുകളിലാണ് ആവേശമെന്ന വാര്‍ത്ത വന്നു കഴിഞ്ഞു. പിന്നീട് ഉസ്താദ് ഹോട്ടൽ, ചരിത്രം നമ്മൾ ആവർത്തിക്കും എന്നൊക്കെ പറഞ്ഞത് വെറുതെ ഒരോളമുണ്ടാക്കാൻ വേണ്ടി മാത്രമാണ്. എനിക്കറിയില്ലേ, ആവേശം അതിനേക്കാൾ നല്ല സിനിമയാണെന്ന്.

പക്ഷേ ആ സമയത്ത് എനിക്കെന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാൻ പറ്റില്ലല്ലോ? എനിക്കറിയാം വർഷങ്ങൾക്കു ശേഷത്തിലെ പ്രശ്നങ്ങളൊക്കെ. ഞാൻ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്കു ചിലപ്പോൾ എന്റെ സിനിമയേക്കാൾ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും. കണ്ടപ്പോൾ ആവേശമാണ്, വർഷങ്ങൾക്കു ശേഷത്തേക്കാൾ ഇഷ്ടപ്പെട്ടത്. അത് സത്യമല്ലേ. നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ?’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Leave a Reply